ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. അവസാനം സംവിധാനം ചെയ്ത ചിത്രമായ ‘ലിയോ’ ബോക്സ്ഓഫീസ് കളക്ഷനുകൾ എല്ലാം തകർത്തുവാരിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഇനി വരാനിരിക്കുന്ന എല്ലാ ലോകേഷ് ചിത്രങ്ങളും വമ്പൻ കളക്ഷൻ തന്നെയാണ് ലക്ഷ്യമിടുന്നതും.
രജനികാന്തിനെ നായകനാക്കി ‘തലൈവർ 171’ ആണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം. രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ടി.ജെ ജ്ഞാനവേൽ ചിത്രം ‘വേട്ടയ്യ’യുടെ ചിത്രീകരണം പൂർത്തിയായാലുടനെ തലൈവർ 171 ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. രജനികാന്തിന്റെ കരിയറിലെ അവസാന ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുണ്ട്.എന്നാൽ ചിത്രത്തെ കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കപ്പെടുകയാണ്. ലിയോയിൽ സംഭവിച്ച തെറ്റ് തന്റെ പുതിയ ചിത്രത്തിൽ ആവർത്തിക്കില്ലെന്നാണ് ലോകേഷ് പറയുന്നത്.
“രജനികാന്തിനൊപ്പം എന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം അത് പരിമിതമായ സമയത്തിനുള്ളിൽ സിനിമ പൂർത്തിയാക്കാനുള്ള സമർദമുണ്ടാക്കും. ചിത്രം നന്നായി ചെയ്യാൻ എനിക്ക് സമയം വേണം.ലിയോയുടെ രണ്ടാം പകുതിക്ക് ഏറെ വിമർശനം നേരിടേണ്ടി വന്നു. ഞാനത് മുഖവിലയ്ക്കെടുക്കുന്നു. ഭാവിയിൽ കൂടുതൽ ശ്രദ്ധാലുവാകും. ഒരു നിശ്ചിത തീയതി ലിയോയ്ക്ക് റിലീസ് ഡേറ്റായി പ്രഖ്യാപിച്ചത് വലിയ സമ്മർദം ഉണ്ടാക്കി. സിനിമ ചെയ്യാൻ 10 മാസമേ ഉണ്ടായിരുന്നുള്ളൂ. ആ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല.” എന്നാണ് ലോകേഷ് കനകരാജ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ലോകേഷിന്റെ തീരുമാനം മികച്ചതെന്നാണ് ആരാധകരുടെയും അഭിപ്രായം.