അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റെറ്റീവ്സ് അംഗീകാരം നൽകി. ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ വിവാദപരമായ അന്താരാഷ്ട്ര ഇടപാടുകളെ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം ആവശ്യപ്പെടുന്നത്. റിപ്പബ്ലിക്കൻസിന് ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭ അന്വേഷണത്തിന് അനുകൂലമായി വോട്ട്ചെയ്തു.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യുന്നതിനുപകരം, തന്നെ നുണകൾ കൊണ്ട് ആക്രമിക്കുന്നതിലാണ് റിപ്പബ്ലിക്കൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ബൈഡൻ പ്രതികരിച്ചു. അടിസ്ഥാനരഹിതമായ രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്നിനും ഇസ്രായേലിനുമുള്ള ധനസഹായം തടഞ്ഞതിന് റിപ്പബ്ലിക്കൻസിനെ കുറ്റപ്പെടുത്തിയ അദ്ദേഹം, അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ആരോപിച്ചു.