ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീം കോടതി ബെഞ്ച്. ഹർജിക്കാരുടെ കേസ് തള്ളുകയും ആർട്ടിക്കിൾ 370 ജമ്മു കശ്മീരിലെ താൽക്കാലിക വ്യവസ്ഥയായി അംഗീകരിക്കുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. മൂന്ന് വിധികൾ സുപ്രീം കോടതിയുടെ ബെഞ്ച് പുറപ്പെടുവിച്ചു. ജമ്മു കശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെയും രാഷ്ട്രപതിക്ക് 370-ാം വകുപ്പ് മാറ്റാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കി.
യൂണിയൻ ഓഫ് ഇന്ത്യയിലേക്ക് ലയിച്ചതിന് ശേഷം ജമ്മു കശ്മീരിന് ആഭ്യന്തര പരമാധികാരം ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് ശേഷം പ്രയോഗിക്കേണ്ട അധികാരങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെന്നും കോടതി പറഞ്ഞു. പ്രിസ് റോളിന് കീഴിൽ കേന്ദ്രത്തിന് ഒരു സംസ്ഥാന സർക്കാരിന്റെ അധികാരം വിനിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പാർലമെന്റിന്/പ്രസിഡന്റിന് പ്രഖ്യാപനത്തിന് കീഴിൽ ഒരു സംസ്ഥാനത്തിന്റെ നിയമനിർമ്മാണ അധികാരങ്ങൾ വിനിയോഗിക്കാവുന്നതാണ്.
സിജെഐ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്കെ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച്, 16 ദിവസമായി ഹരജിക്കാരുടെയും കേന്ദ്ര സർക്കാരിന്റെയും വാദം കേൾക്കുകയായിരുന്നു. സെപ്തംബർ 5 ന് സുപ്രീം കോടതി കേസിൽ വിധി പറയുന്നത് ഡിസംബർ 11 ലേക്ക് മാറ്റിയിരുന്നു.