ഫിലിപ്പീൻസ് ബോട്ടുകൾക്കു നേരെ ചൈനീസ് തീരസംരക്ഷണ സേനയുടെ ജലപീരങ്കി ആക്രമണം. ഒരു ബോട്ടിനെ ഇടിച്ചുതെറിപ്പിച്ചു. തെക്കൻ ചൈന കടലിലെ ചെറുതുരുത്തായ സെക്കൻഡ് തോമസ് ഷോളിനു സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ഫിലിപ്പീൻസ് നാവികസേനയുടെ കപ്പലിലേക്ക് ഭക്ഷണവുമായി പോകുകയായിരുന്ന ബോട്ടുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഫിലിപ്പീൻസിൻ്റെ തീരസംരക്ഷണ സേനയുടെ ബോട്ടുകളും അകമ്പടിയായി ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ ചൈന പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ യു.എസും ജപ്പാനും അപലപിച്ചു.
രാജ്യത്തിൻ്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഇത്തരം പ്രകോപനപരമായ നടപടികളിൽനിന്ന് ചൈന പിന്മാറണമെന്ന് ഫിലിപ്പീൻസ് ആവശ്യപ്പെട്ടു. ഫിലിപ്പീൻസിന്റെ അധീനതയിലുള്ള തെക്കൻ ചൈന കടലിലെ സെക്കൻഡ് തോമസ് ഷോളിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ തർക്കമുണ്ട്. വർഷങ്ങളായി ചൈന ഈ തുരുത്തിനെ തങ്ങളുടെ കപ്പലുകൾ ഉപയോഗിച്ച് വളഞ്ഞിരിക്കുകയാണ്. പ്രദേശത്തിന് സമീപത്തെ കടലിലേക്ക് പ്രവേശിക്കുന്നതിന് ഫിലിപ്പീൻസ് കപ്പലുകൾ ചൈന ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്.