പെട്രോളിനും ഡീസലിനുമൊക്കെ നൽകേണ്ടുന്ന വില തന്നെയാണ് പലരേയും ഒരു ഇലക്ട്രിക് വാഹനം നോക്കിയാലോ എന്ന് ചിന്തിപ്പിയ്ക്കുന്നത്. ജനപ്രിയ വാഹന നിർമാതാക്കളായ മാരുതിയുടെ ഒരു ഇലക്ട്രിക് കാറ് വന്നെങ്കിൽ ഒന്നു നോക്കാമായിരുന്നു എന്നു പറയുന്നവരുമുണ്ട്. അവർ അത്ര അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്
മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ eVX-ന്റെ (Maruti Suzuki eVX) നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലായിരുന്നു മാരുതി സുസുക്കി ആദ്യമായി തങ്ങളുടെ കന്നി ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചത്. പിന്നീട് കണ്‍സെപ്റ്റിന്റെ അപ്‌ഡേറ്റഡ് പതിപ്പ് ജപ്പാന്‍ മൊബിലിറ്റി ഷോയിലും പ്രദര്‍ശിപ്പിച്ചു.
മാരുതി സുസുക്കി eVX ഇലക്ട്രിക് എസ് യു വി അടുത്ത വര്‍ഷം സുസുക്കി മോട്ടോറിന്റെ ഗുജറാത്ത് പ്ലാന്റില്‍ നിര്‍മാണം തുടങ്ങുമെന്നാണ് കമ്പനി ബുധനാഴ്ച പറഞ്ഞത്. അതിനാല്‍ തന്നെ 2024 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഗുജറാത്തിലെ ഹന്‍സല്‍പൂരിലായിരിക്കും ഇലക്ട്രിക് എസ് യു വിയുടെ നിര്‍മാണം. ഗുജറാത്തിന്റെ തലസ്ഥാന നഗരിയായ അഹമ്മദാബാദില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
മാരുതി സുസുക്കിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡാണ് ഇതു നടത്തുന്നത്. വൈദ്യുത വാഹനങ്ങള്‍ നിര്‍ മിക്കുന്നതിനായി 3,000 കോടി രൂപയിലധികം നിക്ഷേപിക്കുന്നതിന് സുസുക്കി മോട്ടോര്‍ ഗുജറാത്ത് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നു. മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, ഫ്രോങ്ക്‌സ് തുടങ്ങിയ ബെസ്റ്റ് സെല്ലര്‍ മോഡലുകള്‍ പണിതിറങ്ങുന്നത് ഇവിടെ നിന്നാണ്. ഇവിടെ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ മറ്റ് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യുമെന്ന് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.
60 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആയിരിക്കും ഇലക്ട്രിക് കാറിന് പവര്‍ നല്‍കുക. ഒറ്റചാര്‍ജില്‍ 550 കിലോമീറ്റര്‍ ആയിരിക്കും റേഞ്ച്. ഇത് വരാനിരിക്കുന്ന ടാറ്റ ഹാരിയര്‍ ഇവി, കര്‍വ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവക്കെതിരെ ശക്തമായി പിടിച്ചു നിൽക്കുകയും ചെയ്യും. കുറഞ്ഞ വിലയിലുള്ള മാര്‍ക്കറ്റിൽ മാസ് ആ കാനുള്ള ഇവികളിലല്ല തങ്ങള്‍ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മാരുതി നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിനെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ മാരുതി സമയാസമയം തങ്ങളുടെ ഗുണഭോക്താക്കളെ അറിയിയ്ക്കുന്നുമുണ്ട്