ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കുന്നതിനുള്ള സമഗ്ര നിയമങ്ങളുടെ കരാറിന് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ. യൂഎസ്, ചൈന, യുകെ ഉൾപ്പടെയുള്ള രാജ്യങ്ങളെ മറികടന്നാണ് യൂറോപ്യൻ യൂണിയൻ നിർമിതബുദ്ധിയെ നിയന്ത്രിക്കുന്നതിനായുള്ള നിയമനിർമാണം നടത്തിയത്. യൂറോപ്യൻ പാർലമെന്റും യൂറോപ്യൻ യൂണിയൻ അംഗങ്ങളും തമ്മിൽ നടന്ന 37 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറിന് ധാരണയായത്. ‘ചരിത്രപ്രധാനം’ എന്നാണ് നിയമനിർമാണത്തിന് മേൽനോട്ടം വഹിച്ച യൂറോപ്യൻ കമ്മീഷണറായ തിയറി ബ്രെട്ടൺ ഈ കരാറിനെ വിശേഷിപ്പിച്ചത്.
എഐ മാത്രമല്ല സോഷ്യൽ മീഡിയയും സെർച്ച് എഞ്ചിനുകളും പുതിയ നിയമം വഴി നിയന്ത്രിക്കപ്പെടും. എക്‌സ്, ടിക് ടോക്ക്, ഗൂഗിൾ ഉൾപ്പടെയുള്ള പ്രധാന ഓൺലൈൻ പ്ലാറ്റ്ഫോമുകളെല്ലാം ഈ നിയമത്തിൻ കീഴിൽവരും. ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ കരാർ വ്യവസ്ഥകൾ അംഗീകരിച്ചുവെങ്കിലും ചെറുകിട കമ്പനികൾക്ക് പ്രയോജനം ചെയ്യും വിധം നിയമം ലളിതമാക്കണമെന്ന നിലപാടാണ് ഈ രാജ്യങ്ങളിലെ ടെക്ക് കമ്പനികൾക്കുള്ളതെന്ന് സ്പെയിൻ എഐ സ്റ്റേറ്റ് സെക്രട്ടറി കാർമെ ആർട്ടിഗാസ് പറഞ്ഞു. നിയമത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2025 ന് മുമ്പ് തന്നെ നിയമം നിലവിൽവന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമിതബുദ്ധിയെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്യൻ പാർലമെന്റും യൂറോപ്യൻ അംഗരാജ്യങ്ങളും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. പ്രത്യേക ആവശ്യങ്ങൾ ചൂണ്ടിക്കാണിക്കാതെ പൊതുവായുള്ള നിയമങ്ങൾ സംബന്ധിച്ചായിരുന്നു പ്രധാന തർക്കം. നിരീക്ഷണങ്ങൾക്കായി വികാരങ്ങൾ തിരിച്ചറിയുന്നതുൾപ്പടെയുള്ള ബയോമെട്രിക് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചും സംവാദം നടന്നു.