ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത് പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയെന്ന് പൊലീസ്. കൊവിഡ് കാലത്തുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുട്ടികളെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാമെന്ന് അനിത കുമാരി പറയുകയും പത്മകുമാറും മകൾ അനുപമയും ഇതിന് പിന്തുണ നൽകുകയുമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി മൂവർസംഘം പല കുട്ടികളെയും തട്ടികൊണ്ടുപോകാൻ ശ്രമം നടത്തി. ഇതിനിടെ പത്മകുമാറിന് പത്തുലക്ഷം രൂപ അത്യാവശ്യമായി വന്നു. ഇതോടെയാണ് ഇവർ ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോകുന്നതിലേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു.