ഓർമയിലെ ഇന്ന്: ഡിസംബർ-1

At Malayalam
1 Min Read

വിജയലക്ഷ്മി പണ്ഡിറ്റ്

യു എൻ ജനറൽ അസംമ്പ്ളിയുടെ ആദ്യവനിതാ അധ്യക്ഷയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്( 18 ഓഗസ്റ്റ് 1900- 1 ഡിസംബർ 1990).ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരിയും ഇന്ത്യൻ നയതന്ത്രജ്ഞയും ആണ്. ഒന്നും മൂന്നും നാലും ലോക്‌സഭകളിലെ അംഗമായിരുന്നു.

1930-ൽ നെഹ്റു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ അലഹബാദിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വീര്യം പകർന്നു.നിരോധനാജ്ഞ ലംഘിച്ചു യോഗങ്ങളിൽ പ്രസംഗിച്ചതിനു 1932-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുവർഷം കഠിനതടവും പിഴയും ആയിരുന്നു ശിക്ഷ. അന്നു വിജയലക്ഷ്മി ജയിലിൽ പോകുമ്പോൾ ഒക്കത്തു രണ്ടരവയസായ പുത്രി റീത്തയും ഉണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം മോചിതയായ അവർ 1941, 1942 വർഷങ്ങളിൽ വീണ്ടും ജയിലിൽ കിടക്കേണ്ടിവന്നു.യു.പി അസംബ്ളിയിലേക്കു 1937-ലും 1946-ലും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പ്രാവശ്യവും സ്വയംഭരണം, പൊതുജനാരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. അമേരിക്കയിലെ പസഫിക് റിലേഷൻസ് കോൺഫറൻസിലുള്ള ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ടായിരുന്നു 1944-ൽ നയതന്ത്രരംഗത്ത് അവരുടെ അരങ്ങേറ്റം.

അന്നു യൂറോപ്പിലും പര്യടനം നടത്തിയ അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തിയായി വാദിച്ചു. ഐക്യരാഷ്ട്രസഭ സ്ഥാപിക്കാൻ 1945-ൽ സാൻഫ്രാൻസിസ്കോയിൽ നടന്ന സാർവദേശീയ സമ്മേളനത്തിൽ അമേരിക്കയിലെ ഇന്ത്യാലീഗ് ,നാഷനൽ കമ്മിറ്റി എന്നിവയുടെ പ്രതിനിധിയായി പങ്കെടുത്തു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവിടെ അവതരിപ്പിക്കുകയും ചെയ്തു.

- Advertisement -
Share This Article
Leave a comment