ഗാസയിൽ ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിറുത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ഖത്തർ,ഈജിപ്റ്റ്,യു.എസ് എന്നിവരുടെ മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. വെള്ളിയാഴ്ച തുടങ്ങിയ നാലു ദിവസം നീണ്ട വെടിനിറുത്തൽ ഇന്നു പുലർച്ചെ അവസാനിക്കാനിരിക്കെയാണ് നിർണായക തീരുമാനം. രണ്ടു ദിവസത്തിനിടെ 20 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം 60 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ വിട്ടയക്കും.
വെടിനിറുത്തൽ നീട്ടാൻ ഹമാസും ഇസ്രയേലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. നാലു ദിവസം കൂടി നീട്ടണമെന്നായിരുന്നു ഹമാസിന്റെ ആവശ്യം. എന്നാൽ,10 ബന്ദികളുടെ മോചനത്തിന് ഒരു ദിവസം എന്ന ക്രമത്തിൽ വെടിനിറുത്തൽ നീട്ടാമെന്ന് ഇസ്രയേൽ ഉറപ്പിച്ചു പറഞ്ഞു. മോചിപ്പിക്കുന്ന ഇസ്രയേലി ബന്ദികളുടെ എണ്ണത്തിന്റെ മൂന്നിരട്ടി പാലസ്തീനിയൻ തടവുകാരെ ജയിൽ മോചിതരാക്കാൻ തയാറാണെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിറുത്തൽ അവസാനിച്ചാൽ ഉടൻ ഗാസയിൽ പോരാട്ടം തുടങ്ങുമെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി.