കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്.
കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്.വെള്ളിയാഴ്ചയാണ് ക്യാമ്പസിൽ ടെക് ഫെസ്റ്റ് ആരംഭിച്ചത്. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനമായതിനാൽ നിരവധി ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ക്യാമ്പസിലേക്കെത്തിയിരുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവര്‍ താഴെയുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ നിലവിൽ കളമശ്ശേരി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്താൻ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിർദേശമുണ്ട്.