വിവേകോദയ സ്‌കൂളിലെ വെടിവയ്പ്പ്; പ്രതിയെ ജാമ്യത്തില്‍ വിട്ടു

At Malayalam
1 Min Read
Thrissur Vivekodaya school shooting accused was released on bail

തൃശൂര്‍ വിവേകോദയ സ്‌കൂളില്‍ വെടിവയ്പ്പുണ്ടായ കേസില്‍ പ്രതി ജഗനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇയാളെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷയും പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്. വെടിവയ്പ്പുണ്ടായ വിവേകോദയ സ്‌കൂളിലെ പൂര്‍വ വിദ്യര്‍ത്ഥിയാണ് മുളയം സ്വദേശി ജഗന്‍.

തോക്കുമായി ക്ലാസ്മുറികളില്‍ എത്തി കാഞ്ചി വലിച്ചാണ് പ്രതി ബ്ലാങ്ക് ഫയറിങ് നടത്തിയത്. കുട്ടികളെയും അധ്യാപകരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. മുന്‍പ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകരെ തിരക്കിയാണ് പത്തരയോടെ ജഗന്‍ സ്‌കൂളില്‍ എത്തുന്നത്.

ജഗന്‍ സ്‌കൂളില്‍ തീര്‍ത്തത് അക്ഷരാര്‍ത്ഥത്തില്‍ ഭീകരാന്തരീക്ഷം. പ്രിന്‍സിപ്പലിന്റെ മുറിക്ക് പുറത്തിറങ്ങിയ ജഗന്‍ ട്രിഗര്‍ വലിച്ചു. ആദ്യം വെടിയൊച്ച. പിന്നാലെ പഴയ ക്ലാസ് ടീച്ചറെ തെരഞ്ഞ് സ്റ്റാഫ് റൂമിലേക്ക്. അധ്യാപകരോട് കയര്‍ത്ത ജഗന്‍ വീണ്ടും ട്രിഗര്‍ അമര്‍ത്തി. പൊലീസ് എത്തിയപ്പോഴേക്കും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജഗനെ പിന്നീട് കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും തോക്ക് 1,200 രൂപയ്ക്ക് തൃശ്ശൂര്‍ എരിഞ്ഞേരി അങ്ങാടിയിലെ ആര്‍മറി ഷോപ്പില്‍ നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.അമിത ലഹരി ഉപയോഗം മൂലം പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യങ്ങളുളളതായാണ് പൊലീസ് നിഗമനം. രണ്ടു വര്‍ഷമായി പ്രതി ചികിത്സയിലാണെന്ന് വീട്ടുകാരും മൊഴി നല്‍കി. പെല്ലറ്റിന്റെ അവശിഷ്ടങ്ങള്‍ ഒന്നും കിട്ടാത്തതിനാല്‍ ബ്ലാങ്ക് ഫയര്‍ എന്ന നിഗമനത്തില്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറിയതിനും ബഹളമുണ്ടാക്കിയതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് സ്‌കൂളില്‍ അടി പിടി ഉണ്ടാക്കിയതിന്റെ പേരില്‍ ജഗനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന്റെ വൈര്യഗ്യമാണ് ഇയാളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Share This Article
Leave a comment