കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടുമൊരു ലോകകിരീടം ഇന്ത്യ നഷ്ടമാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാല്‍ തന്നെ കിരീടം കൈയിൽ വയ്ക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു അവസരം ഇന്ത്യക്കു ലഭിക്കാനുമില്ലായിരുന്നു. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയിട്ടും ഫൈനലില്‍ ഇന്ത്യ കളി മറക്കുകയായിരുന്നു. രോഹിത് ശര്‍മയെയും സംഘത്തെയും ആറു വിക്കറ്റിനു തകര്‍ത്താണ് ഓസ്‌ട്രേലിയ തങ്ങളുടെ ആറാമത് ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്.
10 തുടര്‍ ജയങ്ങളുമായി ഫൈനലില്‍ ഇറങ്ങിയ ഇന്ത്യ പക്ഷെ ഓസീസിന്റെ സമഗ്രാധിപത്യത്തിനു മുന്നില്‍ നിഷ്പ്രഭരാവുകയായിരുന്നു. ആരാണ് ഫൈനലില്‍ ഇന്ത്യയുടെ യഥാര്‍ഥ വില്ലന്‍? അതിന്റെ ഉത്തരം അഞ്ചാം നമ്പറിലെ വിശ്വസ്തനായ കെഎല്‍ രാഹുല്‍ എന്നായിരിക്കും. അത്ര മാത്രം പരിതാപകരമായ ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. 66 റണ്‍സോടെ രാഹുല്‍ ഇന്ത്യയുടെ ടോപ്‌സകോററാണെങ്കിലും ഈ ഇന്നിങ്‌സ് കൊണ്ടു ഇന്ത്യക്കു യാതൊരു ഗുണവും ലഭിച്ചില്ല. അത്ര മാത്രം വിരസവും ഇഴഞ്ഞതുമായ ബാറ്റിങായിരുന്നു രാഹുലിന്റേത്.
107 ബോളുകളാണ് 66 റണ്‍സിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നത്. അതിനേക്കാള്‍ ദയനീയമായ കാര്യം ഒരേയൊരു ഫോര്‍ മാത്രമേ രാഹുല്‍ ഇന്നിങ്‌സില്‍ നേടിയിട്ടുള്ളൂവെന്നതാണ്. ഒരു സിക്‌സര്‍ പോലും അക്കൗണ്ടിലില്ല. ലോകകപ്പ് ഫൈനല്‍ പോലെ ഇത്രയും നിര്‍ണായകമായ ഒരു മത്സരത്തില്‍ ഇതുപോലെയൊരു സ്ലോ ഇന്നിങ്‌സ് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നതാണ് ചോദ്യം. ഈ ഇന്നിങ്‌സ് കൊണ്ടു ടീമിനു ഗുണത്തേക്കാള്‍ ദോഷമാണുണ്ടായത്. ഇന്ത്യക്കു 240 റണ്‍സെന്ന ചെറിയ ടോട്ടലില്‍ ഒതുങ്ങേണ്ടി വന്നതും രാഹുലിന്റെ ഈ മെല്ലെപ്പോക്ക് കാരണമാണ്.
നാണക്കേടിന്റെ ചില റെക്കോര്‍ഡുകളും ഈ ഇന്നിങ്‌സിനു ശേഷം അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം. 1992ലെ ലോകകപ്പ് ഫൈനലിനു ശേഷം ആദ്യമായാണ് ഈ മൂന്നു കാര്യങ്ങളും സംഭവിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. ലോകകപ്പിന്റെ ഫൈനലില്‍ ഒരു ബാറ്റര്‍ 100നു മുകളില്‍ ബോളുകള്‍ നേരിട്ട ശേഷം നേടിയ ഏറ്റവും കുറഞ്ഞ സകോറാണ് രാഹുല്‍ ഇപ്പോൾ നേടിയ 66 റണ്‍സ്.
രണ്ടാമത്തെ നാണക്കേട് സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിലാണ്. 1992ലെ ലോകകകപ്പ് ഫൈനലിനു ശേഷം 100നു മുകളില്‍ ബോളുകള്‍ കളിച്ച ശേഷം ഒരു ബാറ്ററുടെ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റാണ് ഈ കളിയിലേത്. 61.68 സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ 66 റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്.
മൂന്നാമത്തെ കാര്യം മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ വലിയൊരു നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം രാഹുലും എത്തിയെന്നതാണ്. ഒരു ലോകകപ്പ് മല്‍സരത്തില്‍ 100നു മുകളില്‍ ബോളുകള്‍ നേരിട്ടിട്ടും ഏറ്റവും കുറച്ച ഫോറുകളടിച്ച ഇന്ത്യന്‍ താരമെന്ന ഗവാസ്‌കറിന്റെ മോശം റെക്കോര്‍ഡിനൊപ്പമാണ് രാഹുലും എത്തിയത്.
നേരത്തേ ഗവാസ്‌കര്‍ 174 ബോളുകള്‍ നേരിട്ട് ഒരു ഫോറടക്കം 36 റണ്‍സെടുത്തതായിരുന്നു മോശം പ്രകടനം. രാഹുല്‍ ഇത്തവണ 107 ബോളില്‍ 66 റണ്‍സെടുത്തെങ്കില്‍ ഇതില്‍ ഒരേയൊരു ഫോര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ കാരണങ്ങളാല്‍ തന്നെ ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഇന്നിങ്‌സെന്നു രാഹുലിന്റെ ഈ പ്രകടനത്തെ തീര്‍ച്ചയായും വിളിക്കാം.