ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

At Malayalam
1 Min Read

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള( IFFI) ഇന്ന് പനാജിയില്‍ ആരംഭിക്കും. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മേള ഉദ്ഘാടനം ചെയ്യും. മാധുരി ദീക്ഷിത്,ഷാഹിദ് കപൂർ,ശ്രേയ ഘോഷാൽ തുടങ്ങിയവരുടെ കലാവിരുന്ന് ഉദ്ഘാടന ചടങ്ങിലുണ്ടാകും.13 വേൾഡ് പ്രീമിയറുകൾ ഉൾപ്പെടെ 4 വേദികളിലായി 270 ചലച്ചിത്രങ്ങൾ മേളയി‍ൽ പ്രദർശിപ്പിക്കുന്നുണ്ട്. സ്റ്റുവർട്ട് ഗാറ്റ് സംവിധാനം ചെയ്ത ‘ക്യാച്ചിങ് ഡസ്റ്റ്’ ആണ് ഉദ്ഘാടന ചിത്രം.

മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.

നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തില്‍ വിനയ് ഫോര്‍ട്ട് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്. 2018 , ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താൻ കേസ് കൊട്, പൂക്കാലം എന്നീ സിനിമകള്‍ പനോരമയിലുണ്ട്.

കാന്താര, വാക്സിൻ വാര്‍, വിടുതൈല ഒന്നാംഭാഗം എന്നിവയും പനോരമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യധാര വിഭാഗത്തില്‍ ദ കേരള സ്റ്റോറിക്ക് പുറമേ പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം അടക്കം അഞ്ച് സിനിമകളുണ്ട്. ആനന്ദ ജ്യോതി സംവിധാനം ചെയ്ത മലയാള ചിത്രം ശ്രീ രുദ്രം ഉള്‍പ്പെടെ 20 ചിത്രങ്ങളാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പനോരമയിലുള്ളത്. 28 വരെയാണ് മേള.

- Advertisement -
Share This Article
Leave a comment