ആഗോള തലത്തില്‍ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന നാഡീവ്യൂഹപരമായ രോഗമാണ് മൈഗ്രെയ്‌ന്‍ തലവേദന. സമ്മര്‍ദം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഭക്ഷണം, ഉറക്കം എന്നിങ്ങനെ മൈഗ്രെയ്‌നെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. എന്നാല്‍ ചിലരില്‍ കാലാവസ്ഥ മാറ്റങ്ങളും മൈഗ്രെയ്‌ന്‍ തലവേദനയ്‌ക്ക് തുടക്കമിടാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അന്തരീക്ഷ മര്‍ദം, താപനില, ഈര്‍പ്പം തുടങ്ങിയവ മൈഗ്രയ്ൻ ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഈ മാറ്റങ്ങള്‍ ശരീരത്തിന്റെ ആന്തരിക സന്തുലനത്തെ ബാധിച്ചാണ് മൈഗ്രെയ്‌നിലേക്കു നയിക്കുന്നത്. രക്തത്തിന്റെ ഒഴുക്കിനെയും നാഡീവ്യൂഹങ്ങളുടെ സംവേദനത്വത്തെയും തലച്ചോറിലെ ന്യൂറോട്രാന്‍സ്‌മിറ്റര്‍ പ്രവര്‍ത്തനങ്ങളെയും കാലാവസ്ഥ ബാധിക്കാറുണ്ട്. അന്തരീക്ഷ മര്‍ദത്തില്‍ ഉണ്ടാകുന്ന കുറവ് തലച്ചോറിലെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നത് മൈഗ്രെയ്‌ന്‍ തലവേദനയ്‌ക്ക് കാരണമാകാം. എന്നാല്‍ എല്ലാ മൈഗ്രെയ്‌ന്‍ രോഗികളിലും കാലാവസ്ഥ മാറ്റങ്ങള്‍ സ്വാധീനം ചെലുത്തണമെന്നില്ലെന്നും പറയപ്പെടുന്നു. ഇത്തരത്തില്‍ കാലാവസ്ഥ ബന്ധിത മൈഗ്രെയ്‌ന്‍ പ്രശ്‌നങ്ങളുള്ളവര്‍ അന്തരീക്ഷ മര്‍ദത്തിലും താപനിലയിലുമൊക്കെ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ക്കായി തയ്യാറായിരിക്കണമെന്നും ഇതിനനുസരിച്ച ജീവിതശൈലി മാറ്റങ്ങള്‍ വരുത്തണമെന്നും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തല്‍, നല്ല ഉറക്കം, ശരീരത്തിനു വിശ്രമം നല്‍കാനുള്ള മറ്റ് മാര്‍ഗങ്ങള്‍ എന്നിവ മൈഗ്രെയ്‌ന്‍ നിയന്ത്രണത്തില്‍ നിര്‍ണായകമാണ്. ഇതില്‍ തന്നെ നല്ല ഉറക്കം മൈഗ്രെയ്‌ന്‍ രൂക്ഷമാക്കുന്നതിനെ തടയുമെന്നും പറയുന്നു. കുറഞ്ഞത് ഏഴു മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും നിലവാരമുള്ള ഉറക്കത്തിനായി ശ്രമിക്കേണ്ടതാണ്. എന്നാല്‍ അമിതമായ ഉറക്കവും ചിലര്‍ക്ക് മൈഗ്രെയ്‌ന്‍ ട്രിഗര്‍ ചെയ്യാമെന്നതിനാല്‍ അക്കാര്യവും ശ്രദ്ധിക്കേണ്ടതാണ്. നിത്യവുമുള്ള വ്യായാമം ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തി മൈഗ്രെയ്‌ന്‍ നിയന്ത്രണത്തിനു സഹായിക്കും. ധ്യാനം, പ്രാണായാമം, യോഗ എന്നിവ പോലെ ശരീരത്തിനു വിശ്രമം നല്‍കുന്ന മാര്‍ഗങ്ങള്‍ സമ്മര്‍ദം കുറച്ച് മൈഗ്രെയ്‌നെ അകറ്റി നിര്‍ത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.