ഇന്ത്യക്കും ഓസ്ട്രേലിയക്കുമിടയിൽ

At Malayalam
2 Min Read

അഹമ്മദാബാദിലെ ഒന്നര ലക്ഷം കാണികളെ സാക്ഷിയാക്കി വിശ്വകിരീടത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയും ഞായറാഴ്ച ഏറ്റുമുട്ടും. ആതിഥേയരാണെങ്കിലും ഇന്ത്യക്ക് എതിരാളികളായി ഓസീസെത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യക്കു മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കംഗാരുക്കള്‍ക്കാവുമെന്നുറപ്പ്. എട്ടാം ഏകദിന ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ഓസീസ് അഞ്ചു തവണ ലോക ചാമ്പ്യന്മാരുമായിട്ടുണ്ട്.

ഓസീസിനെ എതിരാളികളായി ലഭിക്കുമ്പോള്‍ ഇന്ത്യ കൂടുതല്‍ ഭയപ്പെടണം. ഇങ്ങനെ കാണാൻ അടിസ്ഥാനപരമായി ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. പ്രധാനമായും ഓസ്‌ട്രേലിയയുടെ ഫൈനല്‍ പോരാട്ടങ്ങൾ ഇങ്ങനെയാണ്. 1975, 1987, 1996, 1999, 2003, 2007, 2015 ലോകകപ്പുകളിലാണ് ഇതിന് മുമ്പ് ഓസ്‌ട്രേലിയ ഫൈനല്‍ കളിച്ചത്. ഇതില്‍ അഞ്ചു തവണയും അവര്‍ ജയിച്ചു. രണ്ടു തവണ മാത്രമാണ് ഫൈനലില്‍ അവര്‍ക്ക് കാലിടറിയത്. വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാട്ടാന്‍ ഓസ്‌ട്രേലിയക്ക് എന്നും പ്രത്യേക കഴിവുമുണ്ട്.

ഓസ്‌ട്രേലിയയുടെ ടീം കരുത്ത് ശക്തമാണ്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള വലിയൊരു താരനിര ഓസീസിനൊപ്പമുണ്ടന്നതും അവർക്കു നേട്ടമാണ്. ഇതും അവര്‍ക്ക് ഫൈനലില്‍ ഗുണം ചെയ്തേക്കാം. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ട്രവിസ് ഹെഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് ബാറ്റിങ് നിര അതി ശക്തം. പേസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും കരുത്തുള്ളവരാണ്.

അതേ സമയം ആദം സാംബയെന്ന ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമാണ് ഓസീസിനൊപ്പമുള്ളത്. ഗ്ലെന്‍ മാക്‌സ് വെല്‍, ട്രവിസ് ഹെഡ് എന്നിവര്‍ പന്തെറിയുന്നതിനാല്‍ രണ്ടാം സ്പിന്നറുടെ അഭാവം ഓസീസിനെ ബാധിക്കുന്നില്ല. അഹമ്മദാബാദില്‍ കളിക്കുമ്പോള്‍ കുറച്ച് സമ്മര്‍ദ്ദം ഇന്ത്യക്കുണ്ടാകും. ഇന്ത്യ കപ്പുറപ്പിച്ച ആത്മവിശ്വാസത്തോടെയാവും കാണികള്‍ എത്തുക. ഒരു ലക്ഷത്തോളം ആരാധകര്‍ ഇന്ത്യക്കായി ആര്‍പ്പുവിളിക്കാനുമുണ്ടാവും.

- Advertisement -

എന്ത് വിലകൊടുത്തും കിരീടം നേടാൻ തന്നെയാണ് ഇന്ത്യ ഇറങ്ങുന്നതും. ഓസീസ് താരങ്ങള്‍ പൊതുവേ സമ്മര്‍ദ്ദത്തില്‍ അധികം അടി പതറാത്തവരാണ്. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ ഓസീസിന് സാധിക്കുന്നുമുണ്ട്.
നായകന്‍ പാറ്റ് കമ്മിന്‍സിന് കീഴില്‍ സംതുലിതമായി ഓസീസ് കളിക്കുന്നു. ഇന്ത്യയുടെ 10 തുടര്‍ ജയങ്ങള്‍ക്ക് മുന്നില്‍ ഓസീസ് വേഗം പതറില്ല. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്ക് പണികൂടും. ഓസീസ് താരങ്ങള്‍ക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ടെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ മൂന്ന് സ്പിന്നര്‍മാരെ കളത്തിലിറക്കി ഇന്ത്യ പദ്ധതി മെനയുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഒരു ദിനം കൂടി ആകാംക്ഷയോടെ കാത്തിരിക്കാം.

Share This Article
Leave a comment