കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇന്നലെ ലഭിച്ചതിനെ തുടർന്ന് ചൈനയിൽ നിന്ന് ക്രെയിനുമായി എത്തിയ ഷെൻ ഹുവ 29 എന്ന ചരക്ക് കപ്പൽ ഇന്നലെ വൈകുന്നേരം മൂന്നോടെ അന്താരാഷ്ട്ര തുറമുഖ വാർഫിൽ അടുപ്പിച്ചു.
വാർഫിലടുപ്പിക്കാനുള്ള അനുമതി കാത്ത് തീരത്ത് നിന്ന് പത്ത് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന കപ്പൽ തീരദേശ പോലീസിന്റെ നേതൃത്വത്തിൽ നാല് വളളങ്ങളുടെയും അദാനിയുടെ ഡോൾഫിൻ 41 എന്ന ടഗ്ഗിന്റെയും സുരക്ഷാ അകമ്പടിയോടെയാണ് തുറമുഖ കവാടത്തിലെത്തിച്ചത്, തുടർന്ന് മറ്റ്മൂന്ന് ടഗ്ഗുകളുടെ സഹായത്തോടെ വാർഫിൽ അടുപ്പിച്ചു. ഇക്കഴിഞ്ഞ ഒൻപതിന് രാവിലെ വിഴിഞ്ഞം പുറംകടലിൽ എത്തിയ കപ്പലിന് ഇന്നലെ ഉച്ചയോടെയാണ് തുറമുഖത്തേക്ക് പ്രവേശിക്കാനുള്ള അനുമതിലഭിച്ചത്.
ദിവസങ്ങളുടെ കാത്ത് കിടപ്പിനൊടുവിൽ മറ്റ് മത്സ്യബന്ധന വള്ളങ്ങൾ ഉൾപ്പെടെയുളള കടൽ യാനങ്ങളുടെ തടസങ്ങൾ ഒഴിവാക്കി അധികൃതർ തെളിച്ച പാതയിലൂടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. കാലാവസ്ഥ അനുകൂലമായാൽ ഇവിടെ ഇറക്കാനുള്ള കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയിനു ഇറക്കിയ ശേഷം മുന്ദ്ര പോർട്ടിലേക്കുള്ള ആറ് യാർഡ് ക്രെയിനുകളുമായി രണ്ട് ദിവസത്തിനുള്ളിൽ കപ്പൽ ഗുജറാത്തിലേക്ക് തിരിക്കും.