കുമ്പളങ്ങ ജ്യൂസ് കുടിക്കാറുണ്ടോ? എപ്പോഴെങ്കിലും കുടിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ, ഇതിന്റെ ഗുണങ്ങളറിഞ്ഞാൽ നമ്മൾ ഈ ജ്യൂസ് ഇനി കുടിച്ചുതുടങ്ങും. രാവിലെ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്ന് നല്ലതാണ്. കുമ്പളങ്ങയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. അമിതവണ്ണം നിയന്ത്രിക്കുന്നതു മുതൽ ചർമ്മ സംരക്ഷണം വരെയുള്ള ഗുണങ്ങൾ കുമ്പളങ്ങ ഉപയോഗിച്ചാൽ കിട്ടും.
കുമ്പളങ്ങ ജ്യൂസിൽ ഉയർന്ന അളവിൽ നാരുകളും കുറഞ്ഞ കലറിയുമാണുള്ളത്. ഉയർന്ന തോതിൽ ജലാംശം ഉള്ളതിനാൽ അമിത ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആർക്കും ഇത് ഒരു മികച്ച ഔഷധമാണ്.
ഫൈബർ കണ്ടന്റ് വലിയ അളവിൽ ഉള്ളതിനാൽ കുറേ സമയം വയർ നിറഞ്ഞിരിക്കും. ഇത് ഭക്ഷണത്തോടുള്ള താല്പര്യം കുറക്കുന്നു. ഇതു മൊത്തത്തിൽ കലറി ഉപഭോഗം കുറയ്ക്കും. കുമ്പളങ്ങ നീര് പോഷക സമൃദ്ധമാണ്. നിയാസിൻ, തയാമിൻ, വൈറ്റമിൻ സി, റിബോഫ്ലേവിൻ എന്നിവ ഉയർന്ന അളവിൽ കുമ്പളങ്ങളയിലുണ്ട്. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
കുമ്പളങ്ങ ജ്യൂസ് ചർമ സംരക്ഷണത്തിനും ഗുണം ചെയ്യുന്നു. ഫ്രൂട്ട് എക്സ്ട്രാക്റ്റ് ഫെയ്സ് ക്രീം ഉണ്ടാക്കാനും കുമ്പളങ്ങ ഉപയോഗിക്കുന്നുണ്ട്. കുമ്പളങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി3 നമ്മുടെ ഊർജ അളവ് വർധിപ്പിക്കുന്നു. വിളർച്ചയും ശാരീരിക ബലഹീനതയും ഉള്ള എല്ലാവർക്കും, കുമ്പളങ്ങ നീര് പ്രയോജനകരം തന്നെ.