ബീഹാറിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണം 65 ശതമാനമായി വർധിപ്പിക്കുന്ന ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മുന്നാക്ക സംവരണം ഉൾപ്പെടെ സംസ്ഥാനത്തെ ആകെ സംവരണം ഇതോടെ 75 ശതമാനമാകും.
സംസ്ഥാനത്ത് പിന്നാക്കക്കാർക്ക് സർക്കാർ സർവീസിലും വിദ്യാഭ്യാസത്തിലും ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അടുത്തിടെ നടന്ന ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിൽ വ്യക്തമായിരുന്നു. തുടർന്നാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംവരണത്തോത് വർധിപ്പിക്കാൻ നിർദ്ദേശിച്ചത്. ഒബിസി, ഇബിഎസ് ക്വാട്ട 30ൽ നിന്ന് 43 ശതമാനമായും പട്ടികജാതി വിഹിതം 16ൽ നിന്ന് 20 ശതമാനമായും പട്ടികവർഗ വിഹിതം ഒന്നിൽ നിന്ന് രണ്ട് ശതമാനമായുമാണ് വർധിപ്പിച്ചത്.
നിലവിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് (ഇ.ഡബ്ല്യു.എസ്) 10ശതമാനവും വിവിധ പിന്നാക്കക്കാർക്ക് 50 ശതമാനവുമാണ് സംവരണം. പുതിയ ബിൽ നടപ്പാക്കുന്നതോടെ പിന്നാക്ക സംവരണം മൊത്തം 65ശതമാനമാകും. ഇ.ഡബ്ല്യു.എസ് സംവരണം അതേപടി നിലനിൽക്കും