ശരീരഭാരം കുറയ്ക്കാൻ മുരിങ്ങയും മുമ്പൻ തന്നെ

At Malayalam
1 Min Read
Moringa

മിക്കവാറും വീടുകളിൽ സുലഭമായി മുരിങ്ങ കാണാറുണ്ട്. മുരിങ്ങയുടെ കായയും ഇലയും എല്ലാം ഭക്ഷണത്തിന് ഉപയോഗിക്കാറുമുണ്ട്. പോഷക സമൃദ്ധമായ മുരിങ്ങയിൽ ശരീരഭാരം കുറയ്ക്കാനുള്ള ഘടകങ്ങൾ കൂടി അടങ്ങിയിട്ടുണ്ടന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് മുരിങ്ങ ഏറെ ഗുണകരമാണ്. എങ്ങനെയാണ് മുരിങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത് എന്നറിയാം. ശരീരഭാരം കുറയ്ക്കുവാൻ ആഹാരനിയന്ത്രണം കൊണ്ടുവരുമ്പോള്‍ ഒരാള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശപ്പു നിയന്ത്രിക്കുക എന്നതു തന്നെയാണ്. പട്ടിണി കിടക്കേണ്ട ആവശ്യമില്ലെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ശരീരത്തിലെത്തുന്ന കലറി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തില്‍ മുരിങ്ങ വിഭവങ്ങൾ ഉള്‍പ്പെടുത്തിയാൽ ശരീരത്തിലെ ഇന്‍സുലിന്‍ അളവു നിയന്ത്രിതമാകും. ഇതു വിശപ്പു നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമാക്കുന്നതിനു സഹായിക്കുകയും ചെയ്യും.

മാത്രമല്ല, മധുരമുള്ള ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും ഇതു സഹായിക്കും. മുരിങ്ങയിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബര്‍ എന്നു വിളിപ്പേരുള്ള ഇവ കലറി ഉപഭോഗം കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങൾ നിറഞ്ഞതാണ് മുരിങ്ങ.
ശരീരത്തിലെ വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇതു സഹായിക്കും. ആരോഗ്യകരമായ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കാന്‍ മുരിങ്ങ സഹായിക്കുകയും ശരീരത്തില്‍ നിന്നു വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റില്‍ മുരിങ്ങ ചേര്‍ക്കാന്‍ തീരുമാനിച്ചാൽ, അതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് മുരിങ്ങ ചായ.

ഒരു പാനില്‍ ഒന്നോ രണ്ടോ കപ്പു വെള്ളമെടുത്ത് അതിലേക്ക് മുരിങ്ങയിലയോ മുരിങ്ങയിലപൊടിയോ ചേര്‍ത്തു നന്നായി തിളപ്പിക്കുക. തുടര്‍ന്ന് അരിച്ചെടുക്കുക. ഇത് ചായയാണന്ന് സങ്കല്പിച്ച് വെറും വയറ്റിൽ കുടിക്കുന്നത് ഉത്തമമാണ്. എന്നാൽ ഗർഭിണികൾ ഇങ്ങനെ കുടിക്കാൻ പാടില്ലന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Share This Article
Leave a comment