കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന കേരളീയം 2023ന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കമലഹാസനും മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും അടങ്ങുന്ന വന്‍ താരനിരയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരും ചടങ്ങിനെത്തി . ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും സാന്നിധ്യമറിയിച്ചു .
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും. ചുമര്‍ ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. വ്യത്യസ്ത രുചികളുമായി ഫുഡ് ഫെസ്റ്റിവലുമുണ്ട്. 11 വേദികളിലായി സംഘടിപ്പിക്കുന്ന വ്യത്യസ്ത രുചിക്കൂട്ടുകള്‍ അവതരിപ്പിക്കുന്ന ഭക്ഷ്യമേള പ്രധാന ആകര്‍ഷണമാണ്. പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്റെ ഭാഗമായി നടക്കുംനവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. കേരളീയം ആഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി.
സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, മാനവീയം വീഥി, പുത്തരിക്കണ്ടം, ടാഗോര്‍ തിയേറ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിങ്ങനെ 42 വേദികളാണ് കേരളീയത്തിനായി ഒരുങ്ങിയിരിക്കുന്നത്. എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക്ക് ബസ് സര്‍വീസുകളുണ്ടാകും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തില്‍ പുസ്തകോത്സവം നടക്കും.