ഷവർമ കഴിച്ചെന്ന് സംശയിക്കുന്ന യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് റിപ്പോർട്ട്. പാല ചെമ്പിലാവ് സ്വദേശിയായ രാഹുൽ ഡി നായർ(24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രാഹുലിന്‍റെ രക്തത്തിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി പരിശോധന നടത്തിയ അമൃത ആശുപത്രി അധികൃതർ പറഞ്ഞു.
എന്നാൽ രാഹുലിന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി ലഭിച്ചതിനുശേഷം മാത്രമെ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പൊലീസ് അറിയിച്ചു. രാഹുലിന്‍റെ സഹോദരൻ കാർത്തിക് നൽകിയ പരാതിയിൽ കാക്കനാട് മാവേലിപുരം ലെ ഹയാത്ത് ഹോട്ടലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.