സ്വിസ് വനിതയുടെ മൃതദേഹം ഡൽഹിയിലെ റോഡരികിൽ;ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി കൊന്നു,സുഹൃത്ത് അറസ്റ്റിൽ

At Malayalam
1 Min Read

ഡല്‍ഹിയില്‍ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍.കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തായ ഗുര്‍പ്രീത് സിങ്ങിനെയാണ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ചയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ വലിയ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയനിലയില്‍ സ്വിസ് വനിതയുടെ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ലെന ബെര്‍ജറാണെന്ന് തിരിച്ചറിഞ്ഞു.തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വിസ് യുവതിയെ കൊലപ്പെടുത്തിയ ഗുര്‍പ്രീത് സിങ്ങിനെയും പൊലീസ് പിടികൂടുകയായിരുന്നു.കൊല്ലപ്പെട്ട സ്വിസ് വനിതയും പ്രതി ഗുര്‍പ്രീതും സുഹൃത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ചാണ് ഗുര്‍പ്രീത് ലെനയെ പരിചയപ്പെടുന്നത്.

തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായി. ലെനയെ കാണാനായി ഗുര്‍പ്രീത് ഇടയ്ക്കിടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു.ഇതിനിടെയാണ് മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചത്.ഇതോടെ യുവതിയെ കൊലപ്പെടുത്താനായി പ്രതി പദ്ധതിയിട്ടെന്നും ഇതനുസരിച്ചാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. യുവതിയെ കൊല്ലാന്‍ തീരുമാനിച്ച ഗുര്‍പ്രീത് സിങ് യുവതിയോട് ഇന്ത്യയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഗുര്‍പ്രീത് ആവശ്യപ്പെട്ടതുപ്രകാരം ഒക്ടോബര്‍ 11-നാണ് ലെന ഇന്ത്യയിലെത്തിയത്.തുടര്‍ന്ന് അഞ്ചുദിവസത്തിനു ശേഷമായിരുന്നു അതിദാരുണമായി പ്രതി യുവതിയെ കൊലപ്പെടുത്തിയത്.സംഭവദിവസം യുവതിയെ ഒരുമുറിയിലേക്ക് കൊണ്ടുപോയ പ്രതി,ആദ്യം കൈകാലുകള്‍ കെട്ടിയിട്ടെന്നും ഇതിനുശേഷമാണ് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.കൊലപാതകത്തിന് പിന്നാലെ യുവതിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വാങ്ങിയ കാറിലാണ് മൃതദേഹം സൂക്ഷിച്ചത്.

- Advertisement -

എന്നാല്‍,കാറില്‍നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് തിലക് നഗറിലെ റോഡരികില്‍ മൃതദേഹം ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു.പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളില്‍നിന്ന് പ്രതി സഞ്ചരിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞിരുന്നു.ഈ വാഹനത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ആദ്യദിവസങ്ങളില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന കാറും പ്രതി ഉപയോഗിച്ചിരുന്ന മറ്റൊരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളുടെ വീട്ടില്‍നിന്ന് 2.25 കോടി രൂപയും കണ്ടെടുത്തു. സംഭവത്തില്‍ ഡല്‍ഹി പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.

Share This Article
Leave a comment