ഗുജറാത്തില്‍ രക്തം നല്‍കാതെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ,ഏഷ്യയിൽ ആദ്യത്തേത്

At Malayalam
2 Min Read

ഇന്ത്യന്‍ വൈദ്യശാസ്ത്ര രംഗത്തിന് നേട്ടമായി രക്തരഹിത ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ഗുജറാത്ത് അഹമ്മദാബാദിലെ മാരെംഗോ സി ഐ എം എസ് ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്.ഏഷ്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. 52 കാരനായ ചന്ദ്രപ്രകാശ് ഗാര്‍ഗിനാണ് ഈ ശസ്ത്രക്രിയ നടത്തിയത്.

പൊതുവെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് രക്തം ആവശ്യമാണ്.എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ ഈ പതിവ് തെറ്റിക്കുകയായിരുന്നു.ഇസെമിക് ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതിയുടെയും ഹൃദയസ്തംഭനത്തിന്റെയും അവസാന ഘട്ടത്തിലായിരുന്നു ചന്ദ്രപ്രകാശ്.റോഡപകടത്തില്‍ മരിച്ച 33 കാരനാണ് ദാതാവ്.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ ധാരാളം രക്തം ഒഴുകാന്‍ സാധ്യതയുണ്ട്.ഈ സാഹചര്യത്തിലാണ് രക്തം നല്‍കുന്നത്.എന്നാല്‍ ഈ രക്തപ്പകര്‍ച്ചയ്ക്കിടെ നിരവധി അപകടസാധ്യതകളുണ്ട്.ഇത് ഒരു അവയവം മാറ്റിവയ്ക്കല്‍ പോലെ ബുദ്ധിമുട്ടേറിയതാണ്. കര്‍ശനമായ നിരീക്ഷണവും നിയന്ത്രണവും ഈ പ്രക്രിയക്ക് ആവശ്യമാണ്.എന്നാല്‍ ഇത്തവണ രക്തം ചൊരിയാതെയാണ് ഡോക്ടര്‍മാര്‍ ഈ ശസ്ത്രക്രിയ നടത്തിയത്.

മാരെങ്കോ സി ഐ എം എസ് ആശുപത്രിയില്‍ നടന്ന ഈ ശസ്ത്രക്രിയയില്‍ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചു.ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന അണുബാധ കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ശസ്ത്രക്രിയ കഴിഞ്ഞ്,ഒമ്പത് ദിവസത്തിനു ശേഷം മാത്രമാണ് രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.ഒരു സാധാരണ ട്രാന്‍സ്പ്ലാന്റില്‍,രോഗിയെ കുറഞ്ഞത് 21 മുതല്‍ 24 ദിവസം വരെ ആശുപത്രിയില്‍ തുടരാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ആശുപത്രിയിലെ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ധീരന്‍ ഷായുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ധവാല്‍ നായിക്,കാര്‍ഡിയോ തൊറാസിക് അനസ്തറ്റിസ്റ്റ് ഡോ. നിരേന്‍ ഭവ്സര്‍,മാരെങ്കോ സി ഐ എം എസിലെ ഹൃദയം മാറ്റിവയ്ക്കല്‍ അനസ്തറ്റിസ്റ്റ ഡോ.ചിന്തന്‍ സേത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

- Advertisement -

ഹൃദയാരോഗ്യം

പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍.പലപ്പോഴും നാം അവഗണിക്കുന്ന ചില ലക്ഷണങ്ങൾ ഹൃദ്രോഗ സൂചനകളാകാം.

അസ്വസ്ഥത

വിശ്രമിക്കുമ്പോഴോ വ്യായാമങ്ങള്‍ ചെയ്യുമ്പോഴോ നെഞ്ചിലെ സമ്മര്‍ദ്ദം,വേദന എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഇത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിലനില്‍ക്കും.ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൈകളിലേക്ക് പടരുന്ന വേദന

ശരീരത്തിന്റെ;പ്രത്യേകിച്ച് കൈകളിലേക്ക് തോളില്‍ നിന്ന് ഇടതുവശത്തേക്ക് വേദന പ്രസരിക്കുന്നതാണ് മറ്റൊരു ഹൃദയ രോഗ ലക്ഷണം.

തലചുറ്റല്‍

പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയോ തളര്‍ച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാണ്.ഒരു വ്യക്തിയുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ഈ ലക്ഷണം സൂചിപ്പിക്കുന്നത്.

അമിതമായി വിയര്‍ക്കുക

ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒരു കാരണവുമില്ലാതെ വിയര്‍പ്പ് വരുന്നത് ഹൃദയാഘാതത്തിന്റെ സൂചനയാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

കാരണങ്ങൾ പലത്

അനാരോഗ്യകരമായ ജീവിതശൈലി,ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം,പുകയിലയുടെയും സിഗരറ്റിന്റെയും ഉപയോഗം,മദ്യപാനം എന്നിവയൊക്കെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹൃദയാഘാതത്തിനും കാരണമാകാം.ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കാനാണ് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നത്.

ഭക്ഷണത്തിൽ ശ്രദ്ധ വേണം

പഴങ്ങള്‍,പച്ചക്കറികള്‍,പരിപ്പ്,മത്സ്യം,പയറുവര്‍ഗ്ഗങ്ങള്‍പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കാത്ത ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. അതിനാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ കുറയ്ക്കുന്നതിന് ഭക്ഷണത്തില്‍ പഴങ്ങള്‍,പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍,പരിപ്പ്,മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.

Share This Article
Leave a comment