ആശംസകൾ അറിയിച്ച് മോദി, നേരിട്ടെത്തി പിണറായി, ആഘോഷമായി വി എസിന്റെ 100 പിറന്നാൾ

At Malayalam
1 Min Read

സിപിഎമ്മിന്റെ മുതിർന്ന നേതാവും, മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് നൂറാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വിഎസിനും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഒപ്പമുള്ള ചിത്രവും മോദി ട്വീറ്റ് ചെയ്തു.

അതിനിടെ വി.എസ് അച്യുതാനന്ദന് ആശംസകൾ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി. ഇന്ന് വൈകിട്ട് നാലോടെയാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ വി.എസ് അച്യുതാനന്ദന്‍റെ വീട്ടില്‍ പിണറായി വിജയന്‍ നേരിട്ടെത്തിയാണ് പിറന്നാള്‍ ആശംസ അറിയിച്ചത്. പിണറായി വിജയന്‍ വീട്ടിലെത്തിയപ്പോള്‍ വി.എസ് ഉറക്കത്തിലായിരുന്നുവെന്ന് മകന്‍ ഡോ.വി.എ അരുണ്‍ കുമാര്‍ പറഞ്ഞു. ഉറക്കമായതിനാല്‍ വിളിക്കണ്ടെന്നും ആശംസ അറിയിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. കുടുംബാംഗങ്ങളോട് ആശംസ അറിയിച്ചശേഷമാണ് പിണറായി വിജയന്‍ മടങ്ങിയത്.

വി എസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിന്നു. സാർഥകമായ 100 വർഷങ്ങൾ, ഇന്ന് തനിക്ക് ഏറെ സന്തോഷമുള്ള ദിനമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് മകൻ വി.എസിന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.മോഹൻലാൽ മമ്മൂട്ടി ഉൾപ്പെടെ കലാരംഗത്തെയും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വി എസിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു.

Share This Article
Leave a comment