വി എസിന്റെ ഒരു നൂറ്റാണ്ട് കണ്ട ജീവിതം.അടിമുടി പോരാളിയായ പച്ച മനുഷ്യൻ.മലയാളി മനസിനെ അത്ര കണ്ട് ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത വിപ്ലവ നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആണ് എന്നും വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.
വി എസ് ഒരു പേരല്ല;അതൊരാശയമാണ്. അവസാനിക്കാത്ത പോരാട്ടമെന്ന ആശയം.നീതിക്കായുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കുന്ന പ്രചോദനം.ആധുനിക കേരളീയ ജീവിതത്തെ അത്രമേൽ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്ത നിലപാടുകൾ സമീപകാലത്തൊന്നും മലയാളം കണ്ടിട്ടില്ല.വി എസ് പക്ഷക്കാരുടെ എണ്ണം ഒരു പാർട്ടിയിലോ അച്യുതാനന്ദൻ എന്ന മനുഷ്യനിലോ ഒതുങ്ങുന്നതല്ല.അതിനിയും കാലങ്ങളോളം പ്രകാശം പരത്തും.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ്; കാലം വി എസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ പ്രവർത്തകനെ ഒരു വേള ഇങ്ങനെ അടയാളപ്പെടുത്തിക്കൂട എന്നില്ല.പാർട്ടി സെക്രട്ടറി ആയാലും മുഖ്യമന്ത്രി ആയാലും വി എസ് പ്രതിപക്ഷ നേതാവായിരുന്നു.ജനം പ്രതിപക്ഷത്ത് നിന്നപ്പോഴെല്ലാം ജനങ്ങളുടെ ശബ്ദമായിരുന്നു.പ്രകൃതി സംരക്ഷണമാണ് വികസനത്തിന്റെ ആദ്യ പാഠമെന്ന് ഉറക്കെ ആവർത്തിച്ച് കലഹിച്ച് ബോധ്യപ്പെടുത്തിയ കമ്മ്യൂണിസ്റ്റ്കാരൻ.പാടം നികത്തലായാലും സോഫ്റ്റ്വെയർ കുത്തക ആയാലും അധ്വാന വർഗ നിലപാട് കാലത്തിനു മുമ്പേ തിരിച്ചറിഞ്ഞ് കലാപക്കൊടി നാട്ടിയ മാർക്സിസ്റ്റ് ബോധ്യം.പിണങ്ങി പിരിയലല്ല,ഉളളിൽ നിന്നുളള തിരുത്തലാണ് പ്രായോഗികത എന്ന് തെളിയിച്ച വിപ്ലവകാരി.
തോൽവികൾ തളർത്താത്ത പോരാളി.തുടർ തോൽവികളുടെ,കൊടിയ നിരാശയുടെ ഇരുളിൽ നിന്നും പ്രതീക്ഷയുടെ വെളിച്ച വാതിലുകൾ സ്വയം തളളി തുറന്ന നേതാവ്.എം എൻ വിജയന്റെ വിശേഷണമാണ് ഏറ്റവും അനുയോജ്യം.പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ. പതിനേഴാം വയസിൽ തുടങ്ങി നൂറാം വയസിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി ജീവിക്കുന്ന ഒരാൾക്ക് ഇതിലും വലിയൊരു വിശേഷണം ലഭിക്കാനില്ല തന്നെ.
ദാരിദ്രത്തിന്റെയും അനാഥത്വത്തിന്റെയും ബാല്യം മുതൽ ജീവിതാവസാനം വരെ നേരിട്ട തുടർ തോൽവികളിൽ നിന്നാണ് വി എസ് എന്ന പോരാളി രൂപപ്പെട്ടത്.അടിമുടി പോരാളിയായ മനുഷ്യന്,മലയാളികളെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുന്ന സമര നായകന്,വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്. ഹൃദയത്തിൽ നിന്നുള്ള വിപ്ലവാഭിവാദ്യങ്ങൾ.