ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നിട്ട് ഇന്നേക്ക് 103 വർഷം
സമത്വത്തിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവകാരികളുടെ ത്യാഗങ്ങൾക്ക്,അവരുടെ കരുത്തിന് നൂറ്റിമൂന്ന് വർഷങ്ങളുടെ ചുവന്ന തിളക്കം.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകൃതമായിട്ട് 103 വര്‍ഷം തികയുകയാണ്.1920 ഒക്ടോബർ 17ന് താഷ്കന്റിൽ ഉദിച്ച കമ്മ്യൂണിസ്റ്റ് നക്ഷത്രത്തിന് ഇന്നും തിളക്കമൊട്ടും മങ്ങിയിട്ടില്ല.അത് ഓരോ കാലവും സ്വയം തിളക്കം കൂട്ടുകയും ചെയ്യുന്നു.
സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും ചൂഷണങ്ങൾക്കുമെതിരായ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരമായ പോരാട്ടങ്ങൾക്ക് പഴക്കവും കരുത്താണ്.ഇന്ത്യൻ വിപ്ലവകാരികളായ എം എൻ റോയിയും അബനി മുഖർജിയും ബി ടി ആചാര്യയും പിന്നെ എവ്‌ലിൻ റോയ്-ട്രെന്റ്, റോസ ഫിറ്റിങ്കോവ്,മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ് എന്നിവർ ചേർന്നാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശിലയിട്ടത്.1917 ലെ ഒക്ടോബർ വിപ്ലവത്തിന്റെ ചൂരാണ് ആ പിറവിയിലേക്ക് നയിച്ചത്.
വർഗീയ വിദ്വേഷത്തിനും ജാതി വിവേചനത്തിനെതിരെയുമുള്ള പോരാട്ടത്തിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും പാർട്ടി ജനങ്ങളെ സംഘടിപ്പിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ചൂഷിതർക്കും അടിച്ചമർത്തപ്പെട്ടവർക്കുമൊപ്പം നിന്ന് നിസ്വാർത്ഥമായി പ്രവർത്തിച്ചു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനം നെഞ്ചേറ്റിയതും അതുകൊണ്ടുതന്നെ.
പ്രസ്ഥാനത്തിന്റെ വളർച്ചയിൽ എടുത്തുപറയേണ്ട വ്യക്തിത്വമാണ് സുഹാസിനി നമ്പ്യാർ.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്ന ആദ്യ വനിത. ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്റെ ഇളയ സഹോദരിയായ സുഹാസിനിയെ ബ്രിട്ടീഷുകാർ പോലും വിശദീകരിച്ചത് കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് എന്നായിരുന്നു. അടങ്ങാത്ത വിപ്ലവ വീര്യമായിരുന്നു സുഹാസിനി നമ്പ്യാരെ പോലെയുള്ള ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാർക്ക്.
103 ആം വാര്‍ഷികവേളയിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തൊഴിലാളിവർഗ്ഗത്തിനും കർഷകർക്കുമൊപ്പം ഉറച്ച ശബ്ദമായി കരുത്തോടെ നിലകൊള്ളുന്നു. സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനും വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്നു