കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എൻ. ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജംഗ്ഷന് സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കുന്നമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്ര വാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കക്കോടി സ്വദേശി ഷൈജുവും ഭാര്യ ജീമയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മറ്റൊരു ബൈക്ക് യാത്രികനും ബസിലെ യാത്രക്കാർക്കും നിസാര പരുക്കുകളുണ്ട്. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
ബസ് ഡ്രൈവർ അഖിൽ കുമാറിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.