കേരളത്തിന്‍റെ കൗമാര കായിക പ്രതിഭകളുടെ മിന്നും പ്രകടനങ്ങള്‍ക്ക് നാളെ മുതൽ കുന്നംകുളം സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിക്കും. ചരിത്രം തിരുത്തുന്ന പുതിയ റെക്കോഡുകൾക്കായി കായികപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്നു. പതിനഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ ജില്ലയിലെത്തുന്ന കൗമാര കായിക മാമങ്കത്തിനു മുന്നോടിയായ ദീപശിഖാ പ്രയാണം തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
നാളെ രാവിലെ ഏഴു മണിക്ക് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ മത്സരത്തോടെ ട്രാക്ക് ഉണരും. ഇനി നാലു നാള്‍ ട്രാക്കില്‍ തീപാറും കാഴ്ചകള്‍. ആദ്യ ദിനം 21 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങളാണ് നടക്കുക.വിവിധ വിദ്യാലയങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ദീപശിഖാ നഗര പ്രദക്ഷിണം നടത്തി കായിക മത്സര വേദിയായ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ എ.സി. മൊയ്തീന്‍ എംഎല്‍എ ദീപശിഖ ഏറ്റുവാങ്ങും തുടർന്ന് വൈകിട്ട് 3.30ന് മന്ത്രി വി. ശിവന്‍കുട്ടി കായിക മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും.