പ്രശസ്‌ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ഡാരിഷ് മെർജുയിയെയും (83) ഭാര്യയെയും കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മെർജുയിയെയും ഭാര്യ വഹിദെ മുഹമ്മദീഫറിനെയും കഴുത്തിൽ മുറിവുകളോടെ മരിച്ച നിലയിൽ മകൾ മോണ മെർജുയി ആണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയുള്ള ഭീഷണിയെക്കുറിച്ച് ഭാര്യ പരാതിപ്പെട്ടിരുന്നുവെങ്കിലും, അധികാരികൾ കൃത്യമായി അന്വേഷിച്ചില്ലെന്ന് പരാതി ഉയരുന്നുണ്ട്.
1970 കളുടെ തുടക്കത്തിൽ ഇറാന്റെ നവ ചലച്ചിത്ര തരംഗത്തിന്റെ സഹസ്ഥാപകനായി അറിയപ്പെട്ടിരുന്ന സംവിധായകനാണ് മെർജുയി.1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹാമോൺ, ലൈല, ദ പീർ ട്രീ, ദ കൗ, ദ ടെനറ്റ്സ്, മ്യൂസിക് മാൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2015 ൽ ഐഎഫ്എഫ്കെ ഇദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചിരുന്നു.