കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയിൽ ടെലിവിഷൻ താരവും മിമിക്രി കലാകാരനുമായ ബിനു ബി കമാൽ (40) അറസ്റ്റിൽ.
തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജംഗ്ഷനിൽ ബസ് നിർത്തി. അപ്പോൾ പ്രതി ബസിൽനിന്ന് ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് ശീമുളമുക്കിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.