ഗുരു ഗോപി നാഥ്
കുട്ടനാട്ടിൽ ചമ്പക്കുളത്തെ കഥകളി പാരമ്പര്യമുളള പെരുമാനൂർ തറവാട്ടിൽ മാധവിയമ്മയുടെയും കൈപ്പളളി ശങ്കരപ്പിള്ളയുടെയും മകനായി 1908 ജൂൺ 24 ന് ജനനം.
പ്രമുഖ കഥകളിനടനായിരുന്ന ചമ്പക്കുളം പാച്ചുപിള്ളയുടെ അനുജനായിരുന്നു അദ്ദേഹം.അഞ്ചാം ക്ലാസുവരെ പഠിച്ചു പിന്നീട് കഥകളി അഭ്യസിച്ചു. ചമ്പക്കുളം പരമുപിളളയായിരുന്നു ഗുരുനാഥൻ.
12-ാം വയസിൽ അരങ്ങേറ്റം. പന്ത്രണ്ട് കൊല്ലം കഥകളി പഠിക്കുകയും ആറേഴുകൊല്ലം കഥകളിയിലെ എല്ലാത്തരം വേഷങ്ങളും അരങ്ങിലവതരിപ്പിക്കുകയും ചെയ്തു. വളളത്തോളിന്റെ ക്ഷണമനുസരിച്ച് കഥകളി വടക്കൻചിട്ട പഠിക്കാൻ കലാമണ്ഡലത്തിലെത്തി.
അനന്ദശിവറാം, കലാമണ്ഡലം മാധവൻ,കലാമണ്ഡലം കൃഷ്ണൻനായർ എന്നിവർ ആദ്യ ബാച്ചിലെ വിദ്യാർഥികളായിരുന്നു. 23-ാംവയസ്സിൽ അമേരിക്കൻ നർത്തകിയായ രാഗിണിദേവിയോടൊപ്പം നൃത്ത സംഘമുണ്ടാക്കാൻ ബോംബെക്കുപോയി. പിന്നീട് ഭാരതപര്യടനം . ഇതാണ് ‘കേരളനടനം’ എന്ന നൃത്തരൂപം ആവിഷ്ക്കരിക്കാൻ ഗുരുഗോപിനാഥിനെ പ്രാപ്തനാക്കിയ കാലഘട്ടം.
തിരുവിതാംകൂർ മഹാരാജാവിൽ നിന്നും വീരശൃംഖല. കഥകളിയിലെ കേകിയാട്ടത്തെ ആധാരമാക്കി സംവിധാനം ചെയ്ത മയൂരനൃത്തമാണ് അദ്ദേഹത്തെ വീരശൃഖലക്ക് അർഹനാക്കിയത്. ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഗുരു ഗോപിനാഥ്. അതിൽപിന്നെ ആർക്കും തിരുവിതാകൂർ രാജാവ് വീരശൃംഖല നൽകിയിട്ടില്ല.
1935-ൽ ടാഗോറിൽ നിന്നും പ്രശംസ.1936-ൽ വിവാഹം.കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാർത്ഥിനിയായിരുന്ന കുന്നംകുളം മങ്ങാട്ടുമുളക്കൽ തങ്കമണിയായിരുന്നു ഭാര്യ. ഗോപിനാഥ്-തങ്കമണി ട്രൂപ്പ് ഇന്ത്യയിലും വിദേശത്തും നൃത്തപരിപാടികൾ അവതരിപ്പിച്ച് പുരസ്കാരങ്ങളും പ്രശസ്തിയും നേടി. തിരുവിതാംകൂറിലെ കൊട്ടാരം നർത്തകനായി നിയമിതനായി.
1938-ൽ ചെന്നൈയിലെത്തി ‘നടനനികേതൻ’ സ്ഥാപിച്ചു.മലയാളത്തിലെ മൂന്നാമത്തെ സിനിമയായ പ്രഹ്ലാദനിൽ ഹിരണ്യകശ്യപുവായി അഭിനയിച്ചു. ‘ജീവിതനൗകയിൽ യേശുക്രിസ്തുവായി അഭിനയിച്ചു. തമിഴ്,തെലുങ്ക് സിനിമകളിൽ നൃത്തപ്രധാനമായ വേഷങ്ങൾ കെട്ടിയിട്ടുണ്ട്.
1954-ൽ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ക്ഷണപ്രകാരം റഷ്യയിലേക്കുളള ആദ്യത്തെ ഇന്ത്യൻ സാംസ്കാരിക സംഘത്തിൽ അംഗമായി വിദേശയാത്രകൾ നടത്തി. 1959-ൽ ദില്ലിയിലെ ഭാരതീയ കലാ കേന്ദ്രത്തിന്റെ രാംലീലയുടെ ഡയറക്ടറായി. ഇന്നു കാണുന്നമട്ടിൽ വിവിധ ഭാരതീയ നൃത്തങ്ങളുടെ കഥകളിയും സമന്വയിപ്പിച്ച് രാംലീലക്ക് ശാസ്‌ത്രീയ അടിത്തറയുണ്ടാക്കി ചിട്ടപ്പെടുത്തിയത് ഗുരുഗോപിനാഥായിരുന്നു.
1961-ൽ എറണാകുളത്ത് ‘വിശ്വകലാകേന്ദ്രം’ സ്ഥാപിച്ചു. 63-ൽ അത് തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലേക്ക് മാറ്റി. പ്രായാധിക്യത്തിന്റെ അവശതകളുണ്ടായിരുന്നെങ്കിലും അവസാനനാളുകൾ വരെയും ഗുരു ഗോപിനാഥ് സജീവമായിരുന്നു.1987 ഒക്‌ടോബർ 9-ന് 79-ാം വയസ്സിൽ എറണാകുളത്ത് കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഭാരതകലോത്സവത്തിന്റെ അരങ്ങിൽ വച്ച് അദ്ദേഹം അന്തരിച്ചു.
അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ അരങ്ങിൽ കിടന്ന് മരിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. രാമായണം ബാലേയിൽ ദശരഥനായി അഭിനയിച്ചുകൊണ്ടിരുന്ന ഗുരു ഗോപിനാഥ് ദശരഥന്റെ മരണരംഗത്തിന് മുമ്പുതന്നെ ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞിരുന്നു.