ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ചെന്നൈയിൽ ഓസ്ട്രേലിയയാണ് എതിരാളികൾ. ചെപ്പോക്ക് സ്റ്റേഡിയത്തിലെ സാഹചര്യം സ്പിന്നർമാരെ തുണയ്ക്കുന്നതായതിനാൽ ആർ.അശ്വിനെ ഉൾപ്പെടുത്തിയേക്കും. 2 മണിക്ക് മത്സരം ആരംഭിക്കും. പനിബാധിച്ചശുഭ്മാൻ ഗില്ലിന്റെ അഭാവം ഒഴിച്ചു നിർത്തിയാൽ പൂർണ സജ്ജമാണ് ടീം ഇന്ത്യ.
ക്യാപ്റ്റൻ രോഹിതിന്റെയും വിരാട് കോലിയുടെയും ബാറ്റിലേക്കാണ് ശ്രദ്ധയേറെയും. 47 സെഞ്ചുറികൾ ഉള്ള വിരാട് കോലിയിൽ നിന്ന് മറ്റൊരു മികച്ച ഇന്നിങ്സാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഓൾറൗണ്ട് മികവിനെയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു രാജ്യം. സ്പിന്നിനെ തുണയ്ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചെങ്കിലും ബുംറയും സിറാജും ചേരുന്ന പേസ് പടയ്ക്കും നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ
ചെന്നൈയിൽ കഠിനപരിശീലനത്തിലായിരുന്നു ഓസീസ്. ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഉശിരൻ ഫോമിൽ പ്രതീക്ഷയേറെയാണ്. ചെന്നൈയിൽ മൂന്ന് ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഓസീസ്. മൂന്നിലും അവർ വിജയിച്ചു എന്നത് ക്യാപ്റ്റൻ കമ്മിൻസിന് പ്രതീക്ഷ നൽകുന്നുണ്ട്.