തിരുവനന്തപുരത്ത് ഇനി രാത്രി മുഴുവൻ മാനവീയംവീഥി ഉണര്‍ന്നിരിക്കും.ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം ഇവിടെ ആസ്വദിക്കാം.രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ വരവേല്‍ക്കുക.
കുടുംബശ്രീ അംഗങ്ങളുടെ തട്ടുകടകളും വ്യത്യസ്ത കലാപരിപാടികളും ഇവിടെ ഒരുക്കും.മാനവീയംവീഥി നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് തയ്യാറാക്കിയ കടകളുടെ നടത്തിപ്പാണ് കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്.കൂടാതെ മൂന്നു മൊബൈല്‍ വെന്‍ഡിങ് ഭക്ഷണശാലയും സജ്ജീകരിക്കും.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് അനുസരിച്ചാണ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക.കോര്‍പ്പറേഷനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി കലാപരിപാടികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് പോര്‍ട്ടല്‍ ക്രമീകരിക്കും. ഇതിലൂടെ കലാകാരന്‍മാര്‍ക്കും സംഘങ്ങള്‍ക്കും പരിപാടിയുടെ വിവരങ്ങള്‍ നല്‍കാം.ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധന നടത്തിയശേഷമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കുക.
വാണിജ്യപരവും അല്ലാത്തതും എന്നിങ്ങനെ രണ്ടുതരത്തില്‍ തിരിച്ചാണ് കലാപരിപാടികള്‍ക്ക് അനുവാദം നല്‍കുന്നത്.വാണിജ്യപരമായ പരിപാടികള്‍ക്ക് കോര്‍പ്പറേഷന്‍ നിശ്ചിത തുക ഈടാക്കും.അടുത്തമാസം ആരംഭിക്കുന്ന കേരളീയം പരിപാടിക്ക് മുന്നോടിയായി നൈറ്റ് ലൈഫ് പൂര്‍ണമായി ആരംഭിക്കും.
മാനവീയത്തിലെ നൈറ്റ് ലൈഫിന്റെ ഭാഗമായുള്ള വൈദ്യുതി,വെള്ളം,മാലിന്യ സംസ്‌കരണം എന്നിവയുടെ ചുമതല കോര്‍പ്പറേഷനാണ്.