ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ പൊരുതിവീണിട്ടും പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിനെ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്.കളിയിലെ അദ്ദേഹത്തിന്റെ ഒരു നീക്കത്തെയാണ് അവര്‍ പ്രശംസിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ താന്‍ എത്ര മാത്രം നിസ്വാര്‍ഥനാണെന്നും ബാബര്‍ ഇതിലൂടെ ലോകത്തിനു കാണിച്ചുതന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന റണ്‍മഴ കണ്ട പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ പാകിസ്താന്‍ 14 റണ്‍സിനു കീഴടങ്ങുകയായിരുന്നു.352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പാകിസ്താനു മുന്നില്‍ ഓസീസ് വച്ചത്.ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴു വിക്കറ്റിനു 351 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.ഗ്ലെന്‍ മാക്‌സ്വെല്‍ (77),കാമറൂണ്‍ ഗ്രീന്‍(50*),ജോഷ് ഇംഗ്ലിസ്(48),ഡേവിഡ് വാര്‍ണര്‍(48)എന്നിവരായിരുന്നു ഓസീസിന്റെ പ്രധാന സ്‌കോറര്‍മാര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താനും ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചെങ്കിലും 47.4 ഓവറില്‍ 337 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ബാബര്‍ 90 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി.ഇഫ്തിഖാര്‍ അഹമ്മദ് 83ഉം മുഹമ്മദ് നവാസ് 50ഉം റണ്‍സെടുത്തു.തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ നിന്നും മാറി ആറാം നമ്പറിലായിരുന്നു ബാബര്‍ ബാറ്റു വീശിയത്.
അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 59 ബോളില്‍ 11 ഫോറും രണ്ടു സിക്‌സറുമടിച്ചു. സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ നില്‍ക്കെ ബാബര്‍ റിട്ടയേര്‍ഡ് ഔട്ടായി സ്വയം ക്രീസ് വിടുകയായിരുന്നു. സെഞ്ച്വറി നേടാന്‍ കഴിയുമായിരുന്നിട്ടും അതിനു ശ്രമിക്കാതെ ടീമിലെ മറ്റുള്ളവര്‍ക്കും ബാറ്റിങില്‍ അവസരം നല്‍കുന്നതിനായി ബാബര്‍ സ്വയം പിന്‍മാറിയതിനെയാണ് ആരാധകര്‍ പുകഴ്ത്തുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാബര്‍ ആസം സ്‌കോര്‍ ചെയ്തിട്ടുള്ളത് ദുര്‍ബലമായ ബൗളിങ് നിരയുള്ള ടീമുകള്‍ക്കെതിരേയാണെന്നു പരിഹസിച്ചവര്‍ എവിടെപ്പോയി?പാറ്റ് കമ്മിന്‍സടങ്ങുന്ന ഓസ്‌ട്രേലിയയുടെ ലോകോത്തര ബൗളിങ് നിരയ്‌ക്കെതിരേയാണ് സന്നാഹത്തില്‍ ബാബര്‍ റണ്‍സ് അടിച്ചുകൂട്ടിയതെന്നും ആരാധകര്‍ പറയുന്നു.
ബാബര്‍ ആസമില്ലെങ്കില്‍ പാകിസ്താന്‍ ടീം ഒന്നുമല്ല.നിലവില്‍ ടീമിന്റെ എല്ലാമാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ സെഞ്ച്വറിക്കു മുകളില്‍ സ്‌കോര്‍ ചെയ്ത് ബാബറിനു തലയെടുപ്പോടെ ക്രീസില്‍ നില്‍ക്കാമായിരുന്നു.പക്ഷെ അദ്ദേഹം അതു ചെയ്തില്ല.പകരം ടീമിന്റെ ഭാഗത്തു നിന്നു ചിന്തിക്കുകയും സഹതാരങ്ങള്‍ക്കു ബാറ്റിങില്‍ അവസരം കിട്ടുന്നതിനായി സ്വയം മാറിക്കൊടുക്കുകയായിരുന്നുവെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
സിംബാബ്‌വെ,നെതര്‍ലാന്‍ഡ്‌സ്,നേപ്പാള്‍ എന്നിവര്‍ക്കെതിരേയാണ് ബാബര്‍ ആസം സ്‌കോര്‍ ചെയ്യാറുള്ളതെന്നു നിങ്ങള്‍ അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നു.ഇതു എല്ലാ ഹേറ്റേഴ്‌സിനുമുള്ള മറുപടിയാണ്.ഓസ്‌ട്രേലിയയുടെ ലോകോത്തര ബൗളിങ് ആക്രമണത്തെയാണ് ബാബര്‍നിസ്സഹായരാക്കിയതെന്നും ആരാധകര്‍ പറയുന്നു