കാസർകോട് കൈക്കൂലി ആവശ്യപ്പെട്ട അനസ്‌തേഷ്യ ഡോക്ടറെ കുടുക്കാൻ സഹായിച്ച രോഗിക്ക് ചികിത്സ ഉറപ്പാക്കി വിജിലൻസ്.കാസർകോട് സ്വദേശിയായ രോഗിയുടെ ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയ ബുധനാഴ്ച ജനറൽ ആസ്പത്രിയിൽ നടന്നു.നേരത്തേ ചികിത്സക്കെത്തിയപ്പോൾ ശസ്ത്രക്രിയയ്ക്ക് അടുത്തെങ്ങും തീയതി നൽകാതിരുന്നിടത്താണ് ഡോക്ടറെ വിജിലൻസ് പിടിച്ചതിന് പിന്നാലെ ചികിത്സ നടന്നത്.
ബുധനാഴ്ച ഉച്ചയോടെ ജനറൽ ആശുപത്രിയിലെത്തിയ വിജിലൻസ് ഡിവൈ.എസ്.പി. വി.കെ.വിശ്വംഭരനും സംഘവും സൂപ്രണ്ടിനെ കണ്ട് ചികിത്സാകാര്യങ്ങൾ സംസാരിച്ചു.ശേഷം ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന രോഗിയെയും സന്ദർശിച്ചു.ചൊവ്വാഴ്ച സന്ധ്യക്ക് നുള്ളിപ്പാടിയിലെ വീട്ടിൽവെച്ച് കൈക്കൂലി വാങ്ങവെ അറസ്റ്റ് ചെയ്ത ജനറൽ ആസ്പത്രിയിലെ അനസ്തേഷ്യവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.വെങ്കിടഗിരിയെ(59) ബുധനാഴ്ച രാവിലെ കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജിക്ക് മുൻപിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത പ്രതിയെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.
ഹെർണിയയുടെ ശസ്ത്രക്രിയയ്ക്കായി അനസ്തെറ്റിസ്റ്റായ ഡോ.വെങ്കിടഗിരി ശസ്ത്രക്രിയ നേരത്തേ ചെയ്യാൻ 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.തുടർന്നാണ് രോഗി വിജിലൻസിൽ പരാതിപ്പെട്ടത്.